
കോട്ടയം: കോട്ടയത്തെ ഇരട്ടക്കൊലയിൽ പ്രതി പിടിയിൽ. അസം സ്വദേശി അമിത് ഒറാങ്ങിനെ തൃശ്ശൂരിൽ നിന്നും പൊലീസ് പിടികൂടി. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ ടി.കെ. വിജയകുമാർ (64), ഭാര്യ ഡോ. മീര വിജയകുമാർ (60) എന്നിവരെ ഇയാളാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.
സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും കൊല്ലാനുപയോഗിച്ച മഴുവിൽ നിന്നും ലഭിച്ച വിരലടയാളം പരിശോധിച്ചുമാണ് കൊല നടത്തിയത് അമിത് ഒറാങ് ആണെന്ന് പോലീസ് സ്ഥിരീകരിച്ചത്. അമിത് ഒറാങ് നടന്നു പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കൊല്ലാനുപയോഗിച്ച മഴുവിൽ നിന്ന് ലഭിച്ച വിരലടയാളം ഇയാളുടേതാണെന്നും പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്.
മോഷണക്കേസുമായി ബന്ധപ്പെട്ട് അമിതിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സമയത്ത് അമിത്തിന്റെ വിരലടയാളം ഉൾപ്പെടെ പൊലീസ് ശേഖരിച്ചിരുന്നു. ശാസ്ത്രീയ പരിശോധന ഫലത്തിൽ ഈ വിരലടയാളവും സംഭവസ്ഥലത്ത് നിന്ന് ലഭിച്ച് മഴുവിലെ വിരലടയാളവും തമ്മിൽ ഒത്തുപോകുന്നുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഇന്നലെ രാവിലെയാണ് വിജയകുമാറിനെയും ഭാര്യയേയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ജോലിക്കാരി രേവമ്മ വന്നപ്പോഴാണ് കൊലപാതകവിവരമറിയുന്നത്. കേൾവിപരിമിതിയുള്ള തോട്ടക്കാരൻ ബോണ്ട് രാജ് ഔട്ട്ഹൗസിൽ ഉണ്ടായിരുന്നെങ്കിലും വിവരം അറിഞ്ഞിരുന്നില്ല. തിങ്കളാഴ്ച രാത്രി 12.30-നും ഒന്നിനും ഇടയിലാണ് കൊല നടന്നതെന്ന് കരുതുന്നു. 2017 ജൂണിൽ കോട്ടയം തെള്ളകത്ത് റെയിൽവേ പാളത്തിൽ മരിച്ചനിലയിൽ കണ്ട യുവവ്യവസായി ഗൗതം വിജയകുമാറി(28)ന്റെ മാതാപിതാക്കളാണ് ഇവർ. ഈ കേസിൽ സിബിഐ അന്വേഷണം തുടങ്ങി ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ.











